കാട്ടൂര്‍: മിനി ഇൻഡസ്ട്രിയല്‍ എസ്റ്റേറ്റിനു സമീപത്തെ കിണറുകളില്‍ രാസമാലിന്യംകലര്‍ന്ന വിഷയം ചര്‍ച്ചചെയ്യാന്‍ വിളിച്ച പ്രത്യേക ഗ്രാമസഭായോഗത്തില്‍ കമ്പനികള്‍ അടച്ചുപൂട്ടണമെന്ന പ്രമേയം പാസാക്കി.
ഐകകണ്ഠ്യേനയാണ് പ്രമേയം പാസാക്കിയത്. മണ്ണുപരിശോധനാഫലം കിട്ടിയശേഷമേ തുടര്‍നടപടികള്‍ ഉണ്ടാകൂവെന്ന് മുമ്പ് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. കുടിവെള്ളമലിനീകരണമുള്ള നാല്, അഞ്ച്, ആറ്, ഏഴ് വാര്‍ഡുകളിലാണ് ഗ്രാമസഭകള്‍ വിളിച്ചുചേര്‍ക്കാന്‍ തീരുമാനമായത്.
എന്നാല്‍ അഞ്ച്, ആറ് വാര്‍ഡുകളില്‍ സാധാരണപോലെ യോഗം നടന്നു. വാര്‍ഡ് നാലിലും ഏഴിലും ക്വാറം തികയാത്തതിനാല്‍ യോഗം മറ്റൊരു ദിവസത്തേയ്ക്കു മാറ്റിവച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് വി.എം. കമറുദീന്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് പി.എസ്. അനീഷ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ ദിനേശ്, ഡോ. ബിന്ദു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
അഞ്ചാംവാര്‍ഡിലാണ് മിനി ഇന്റസ്ട്രിയല്‍ എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്. തൃശൂര്‍ എന്‍ജിനീയറിംഗ് കോളജ് നടത്തിയ മണ്ണുപരിശോധനാ റിപ്പോര്‍ട്ടില്‍ പ്രദേശത്തെ മണ്ണ്, ജലം തുടങ്ങിയവ വിശദമായ ഫോറന്‍സിക് പഠനം നടത്തണമെന്ന് നിര്‍ദേശിച്ചു.
അതിനാല്‍ വിശദ പഠനറിപ്പോര്‍ട്ട് വരുന്നതുവരെ ആരോപണവിധേയമായ കമ്പനികള്‍ അടച്ചിടാന്‍ മന്ത്രി ആര്. ബിന്ദുവിന്റെ നേതൃത്വത്തില്‍നടന്ന ചര്‍ച്ചയില്‍ തീരുമാനമെടുത്തു. എന്നാല്‍ ഇപ്പോഴും കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.